ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

വിശാല തമിഴകത്തില്‍ ഉള്‍പ്പെട്ടിരുന്ന കാഞ്ഞിരപ്പള്ളി ഏകദേശം ഒന്നര സഹസ്രാബ്ദത്തോളം മധുര-കമ്പം-ഗൂഡല്ലൂര്‍-നിലയ്ക്കല്‍-എരുമേലി വഴി കേരളത്തിലെ തുറമുഖങ്ങളിലേക്കെത്തുന്ന വാണിജ്യപ്പാതയുടെ ഭാഗമായിരുന്നു. സ്ഥലനാമസൂചകങ്ങള്‍ വച്ചുനോക്കിയാല്‍ സംഘകാലത്തും (എ.ഡി. ഒന്നുമുതല്‍ 5 നൂറ്റാണ്ടുകള്‍) പിന്നീട് ഒരായിരം വര്‍ഷത്തോളവും ബൗദ്ധ-ജൈനമതങ്ങളില്‍ വിശ്വസിച്ചിരുന്ന ആസ്ട്രലോയ്ഡ്- നെഗ്രിറ്റോയ്ഡ്-ദ്രവീഡിയന്‍ മിശ്രവര്‍ഗ്ഗങ്ങളില്‍പ്പെട്ടവര്‍ ഇവിടെ അധിവസിച്ചിരുന്നു. ഇവിടെ സുവര്‍ണ്ണബുദ്ധനെ ആരാധിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് സ്വര്‍ണത്തെ സൂചിപ്പിക്കുന്ന സ്ഥലനാമങ്ങള്‍. കാഞ്ഞിരപ്പള്ളി പഴയ രേഖകളില്‍ കാഞ്ചനപ്പള്ളിയാണ്. പൊന്‍കുന്നംപൊന്‍മലകനകപ്പലം തുടങ്ങിയ സ്ഥലനാമങ്ങളും ശ്രദ്ധിക്കുക. ബൗദ്ധാരാധനാകേന്ദ്രങ്ങളും തദ്വാരാ ജനവാസകേന്ദ്രങ്ങളും പാലിഭാഷയില്‍ പള്ളി എന്നാണറിയപ്പെട്ടിരുന്നത്. ബസ്തി (വസതി) എന്നറിയപ്പെട്ടിരുന്ന ജൈനകേന്ദ്രങ്ങള്‍ക്ക് പിന്നീട് വട്ടിപാടിപെട്ടിപേട്ട എന്നെല്ലാം രൂപഭേദങ്ങള്‍ വന്നു.

        കുരുമുളകിന്‍റെ ലഭ്യതയും വിദേശരാജ്യങ്ങളുമായുള്ള കച്ചവടസാധ്യതയും കാഞ്ഞിരപ്പള്ളിയിലേക്ക് പുതിയ കുടിയേറ്റങ്ങള്‍ക്ക് വഴിവച്ചു. ഇക്കൂട്ടത്തിലെ ആദ്യസംഘം 1150 ഓടുകൂടി ഇവിടെ വന്ന് താമസമുറപ്പിച്ച കണ്ണന്നൂര്‍ ചെട്ടി (ശ്രേഷ്ഠി) മാരാണ്. തുടര്‍ന്ന് 1373 ല്‍ തമിഴകത്തെ പുളിയന്‍കുടിയില്‍ നിന്ന് മുസ്ലീം റാവുത്തര്‍മാര്‍ എത്തി. ഒന്നര നൂറ്റാണ്ടിനു ശേഷം അയലൂരില്‍ നിന്ന് മറ്റൊരു റാവുത്തര്‍ സംഘവും ഇവിടെയെത്തി. 1399 ല്‍ കുംഭകോണത്തു നിന്ന് വെള്ളാളപ്പിള്ളമാരുടെ ആദ്യ സംഘം ഇവിടെ വന്നുചേര്‍ന്നു. വാണിജ്യാര്‍ത്ഥം എത്തിയ ഇക്കൂട്ടരെല്ലാം (ഇന്നത്തെ) പേട്ടയിലും ചുറ്റുവട്ടങ്ങളിലുമായി പാര്‍പ്പുറപ്പിച്ചു. ആശയവിനിമയത്തിന് ഇവര്‍ ഉപയോഗിച്ചിരുന്ന ഭാഷ തമിഴായിരുന്നു (ആദിമനിവാസികളുടെ ഭാഷ 'നാനമ്മോനംആയിരുന്നു). കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പാണ്ടിദേശത്തേക്ക് മാട് കഴുത എന്നിവയുടെ പുറത്തേറ്റി കയറ്റുമതിചെയ്തിരുന്നത് മുഖ്യമായും കുരുമുളകായിരുന്നു. ഒപ്പം ചുക്ക്മഞ്ഞള്‍നാളികേരം എന്നിവയും അവിടെ നിന്ന് ഇങ്ങോട്ട് എത്തിച്ചിരുന്നത് തുണിപട്ട്പയര്‍പുകയില തുടങ്ങിയവയായിരുന്നു.

        നിലയ്ക്കല്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള ക്രൈസ്തവരുടെ കുടിയേറ്റം ഈ പ്രദേശത്തിന്‍റെ വികാസപരിണാമത്തിലെ പ്രാധാന്യമുള്ള ഒരേടാണ്. വാണിജ്യാര്‍ത്ഥം നിലയ്ക്കല്‍നിന്ന് കുറേപ്പേര്‍ നേരത്തെ വന്നിട്ടുണ്ടാകാമെങ്കിലും 14-ാം നൂറ്റാണ്ടിന്‍റെ അന്തിമദശയിലാണ് സംഘടിതമായ കുടിയേറ്റം ഉണ്ടാകുന്നത്. കാഞ്ഞിരപ്പള്ളിയിലെ ക്രൈസ്തവ കുടുംബങ്ങളിലെ പരമ്പരാഗതവിശ്വാസ പ്രകാരം 'വക്രപ്പുലി പെരുമ്പാറ്റയുടെ ആക്രമണം സഹിക്കാനാവാതെ നിലയ്ക്കല്‍ വിട്ടുപോരികയായിരുന്നു. ചരിത്രപരമായി ചിന്തിച്ചാല്‍ ഈ ആക്രമണം തഞ്ചാവൂര്‍ ചോളന്മാരില്‍ നിന്നായിരുന്നു എന്നു കാണാം. പാണ്ഡ്യദേശത്തെ പലവട്ടം ആക്രമിച്ച് കൊള്ളയടിച്ച ചോളപ്പട അതിന്‍റെ ഭാഗമായിരുന്ന സഹൃനിരകളിലേക്കും കടന്നുകയറിയിരുന്നു. മൂന്നു വളവ് ഉള്ള ചോളക്കൊടിയിലെ അടയാളം പുലി ആയിരുന്നു (വക്രപ്പുലി). പെരുംപാറ്ര പെരുംപറ്റം അഥവാ പെരുമ്പട തന്നെ. ചോളന്മാര്‍ കൊള്ളയ്ക്കും കൊലയ്ക്കും കുപ്രസിദ്ധരായിവരുന്നു. 8-ാം നൂറ്റാണ്ടുമുതല്‍ കേരളത്തിലെ സമതലങ്ങളില്‍ പ്രചരിച്ച വൈദിക മതത്തില്‍ നിന്ന് തങ്ങളുടെ അറം (ധര്‍മ്മം) രക്ഷിക്കന്‍ സഹ്യമലകളിലേക്ക് പലായനം ചെയ്ത ബൗദ്ധര്‍ താന്ത്രികമതത്തിലേക്ക് വഴിപിരിഞ്ഞ് ശിലയില്‍ മാത്രമായി പണിത നിരവധി ക്ഷേത്രങ്ങള്‍ ചോളന്മാര്‍ തകര്‍ത്ത് കുത്തിവാരിയതിന്‍റെ അവശിഷ്ടങ്ങള്‍ സഹ്യമലമടക്കുകളില്‍ ഇന്നും ദൃശ്യമാണ് (ഉദാഃ കോഴിക്കാനംമംഗളാദേവിപൊന്നമ്പലമേട് തുടങ്ങി) അയ്യപ്പന്‍ പാട്ടുകളിലെ ചരിത്രസൂചകങ്ങള്‍ ആധാരമാക്കിയാല്‍ഈ കൊള്ളക്കാര്‍ക്കെതിരെ ചാവേര്‍പ്പടയെ നയിച്ച് കരിമലക്കോട്ടയില്‍ വച്ച് ചോളത്തലവന്‍ ഉദയനനെയും ചോളപ്പടയേയും നിശ്ശേഷം പരാജയപ്പെടുത്തി വക്രപ്പുലിയെ പന്തളത്തെ പാണ്ഡ്യ ഭുപനുമുന്നില്‍ അടിയറവു വച്ചതിനാലാകാം ചീരപ്പന്‍ ചിറക്കാരന്‍ അയ്യപ്പന്‍ പാണ്ടിമലയാളദേശങ്ങളില്‍ ആരാധ്യപുരുഷനായിത്തീര്‍ന്നത്. ഇന്നാട്ടില്‍ അവശേഷിച്ച ചോളന്മാരെ (കോവിലന്മാരെന്നും കോയിയന്മാരെന്നും അറിയപ്പെട്ടവരെ) കാഞ്ഞിരപ്പള്ളി  വാണിരുന്ന തെക്കന്‍കൂര്‍ രാജാവ് അമ്പഴത്തുങ്കല്‍ കര്‍ത്താക്കന്മാരുടെ നേതൃത്വത്തില്‍ പടയെ അയച്ച് ഉന്മൂലനാശം വരുത്തുകയുണ്ടായി.

        ഈ ആക്രമണ പലായനങ്ങള്‍ക്കിടയിലും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മലമ്പാത വഴിയുള്ള കച്ചവടം ഒന്നിനൊന്ന് അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. 1603 എന്ന ഒറ്റ വര്‍ഷത്തില്‍ 9000 ഭാരം (32,20,000 കി.ഗ്രാം) കുരുമുളക് കാഞ്ഞിരപ്പള്ളിയില്‍ നിന്നുമാത്രം മധുരവഴി തമിഴ്തുറകളിലേക്ക് പോയതായി പോര്‍ച്ചുഗീസ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ 1763 ല്‍ ആലപ്പുഴ തുറമുഖം ഉദയം ചെയ്തതോടെ മലമ്പാത വാണിജ്യം ക്ഷയിക്കുകയും കാഞ്ഞാരപ്പള്ളിയുടെ വാണിജ്യ പ്രാധാന്യം കുറയാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ നിലയ്ക്കല്‍ നിന്നു വന്നവര്‍ കാര്‍ഷികവൃത്തിയിലേക്ക്തിരിയുകയും എങ്ങനെയും ഭൂമി സമ്പാദിച്ച് കൃഷി ചെയ്തു ജീവിക്കുക എന്ന ലക്ഷ്യത്തിലേക്ക് മാറുകയും ചെയ്തു. 1855 ലെ തിരുവിതാംകൂറിലെ അടിമത്ത നിരോധനം ഭൂമിയില്‍ പണിചെയ്യാന്‍ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് സഹായിച്ചു. 1865 ലെ പാട്ടപ്രഖ്യാപനത്തോടെ നിരവധി ക്രൈസ്തവര്‍ക്ക് പാട്ടഭൂമിമേല്‍ ഉടമാവകാശം കിട്ടി. ഇതിനുപുറമെ 1925 ല്‍ നായര്‍ ആക്ട് പാസ്സായതോടെ തറവാടുകള്‍ ഛിന്നഭിന്നമാവുകയും ക്രൈസ്തവര്‍ക്ക് ധാരാളമായി ഭൂമി വാങ്ങാന്‍ അവസരമുണ്ടാവുകയും ചെയ്തു. ഈ വിധത്തിലെല്ലാം നിലയ്ക്കല്‍ നിന്നു വന്നവര്‍ കാഞ്ഞിരപ്പള്ളി പ്രദേശത്തെ വലിയൊരു കാര്‍ഷിക ഗ്രാമമാക്കിത്തീര്‍ത്തു.

        ഇക്കാലത്തുതന്നെ കുരുമുളകാദിവിളകളില്‍ നിന്ന് റബ്ബര്‍ കൃഷിയിലേക്കുള്ള ചുവടുമാറ്റവും സംഭവിച്ചു. ജോണ്‍ ജോസഫ് മര്‍ഫി എന്ന ഇംഗ്ലീഷ്കാരന്‍ 1904 ല്‍ ഇന്ത്യയില്‍ ആദ്യമായി ഏന്തയാറ്റില്‍ (മുണ്ടക്കയം) റബ്ബര്‍കൃഷി ആരംഭിച്ചു. 2-ാം ലോകമഹായുദ്ധകാലത്ത് റബ്ബര്‍ നല്ലൊരു ആദായമാര്‍ഗമായിത്തീര്‍ന്നു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ കൃഷിക്കാരെല്ലാം റബ്ബര്‍ത്തോടട്ടമുടമകളായി മാറി.